Home Tips

8 മാസം കൊണ്ട് പണിത കിടിലൻ ബജറ്റ് വീട്

കോഴിക്കോട് ചേവരമ്പലം എന്ന സ്ഥലത്ത് നാല് സെന്റിൽ 1500 ചതുരശ്രയടിയിലാണ് ഈ ബജറ്റ് വീട് നിൽക്കുന്നത്. ബ്ലൂ പേൾ കൺസ്ട്രക്ഷൻസിലെ സജീന്ദ്രൻ കൊമ്മേരിയാണ് രതീഷ്-നീമ ദമ്പതികൾക്കുവേണ്ടി ഈ വീടിന്റെ നിർമാണവും ഡിസൈനും നിർവഹിച്ചത്. ചെറിയ ബജറ്റിൽ പരമാവധി വേഗത്തിൽ പരമാവധി സൗകര്യങ്ങളോടുകൂടിയ വീടാണ് ഉടമസ്ഥൻ ആവശ്യപ്പെട്ടത്. ഒപ്പം സ്വാഭാവിക പ്രകാശവും വായുവും നിറയുന്ന അകത്തളങ്ങളും ഉണ്ടാകണം എന്നതായിരുന്നു ഡിമാൻഡ്. വെറും എട്ടു മാസം കൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്.

പണി തുടങ്ങും മുൻപ് കൃത്യമായി ആസൂത്രണം ചെയ്തത് അനാവശ്യ ചെലവുകൾ ഒഴിവാക്കി ബജറ്റ് പാലിക്കാൻ സഹായിച്ചു.

സമകാലിക ശൈലിയിലാണ് വീടിന്റെ എലിവേഷൻ. മുകൾനിലയുടെ ഇരുവശങ്ങളിലും കോർണർ വിൻഡോകൾ നൽകിയത് കാഴ്ചയിലെ ഭംഗി കൂട്ടുന്നു. എലിവേഷനിൽ പലയിടത്തും ക്ലാഡിങ് ടൈലുകൾ പതിച്ചു. മുൻവശത്ത് ഒരു ഭിത്തിയിൽ ലൈംസ്റ്റോൺ ക്ലാഡിങ് നൽകി ഗ്ലാസ് ബ്രിക്ക് കൊണ്ട് ചെറിയ നിഷുകൾ നൽകിയത് ശ്രദ്ധേയമാണ്. ഈ ഭാഗങ്ങൾ എൽഇഡി ലൈറ്റുകൾ നൽകി ഹൈലൈറ്റ് ചെയ്യുന്നുമുണ്ട്.

അകത്തളങ്ങളിൽ പരമാവധി സ്ഥല ഉപയുക്തത കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗോവണിയുടെ താഴെയുള്ള സ്‌പേസ് ഫോർമൽ ലിവിങ് ആക്കിമാറ്റിയത് ഇതിനുദാഹരണമാണ്. ഇവിടെ വുഡൻ ഫിനിഷുള്ള ടൈലുകളാണ് വിരിച്ചത്. ഫർണിച്ചർ കസ്റ്റം മെയ്ഡാണ്. പ്ലൈവുഡ്, വെനീർ എന്നിവയാണ് ഉപയോഗിച്ചത്.

ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത്. വുഡൻ ലാമിനേഷൻ നൽകിയ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകിയിരിക്കുന്നു. ഇവിടെ ഭിത്തിയിൽ വുഡൻ നിഷുകൾ അകത്തളത്തിനു ചാരുത പകരുന്നു.

പ്രധാന മുറികളിൽ ജിപ്സം വെനീർ ബോർഡിൽ തീർത്ത ഫോൾസ് സീലിംഗ് നൽകിയിട്ടുണ്ട്. ഇതിലെ ലൈറ്റുകൾ അകത്തളത്തിനു പ്രസന്നകരമായ അന്തരീക്ഷം നൽകുന്നു. ഗ്ലാസിന്റെയും തടിയുടെയും മിശ്രണമാണ് ആറുപേർക്കിരിക്കാവുന്ന ലളിതമായ ഊണുമേശ.

ഗോവണിയുടെ വശത്തെ വലിയ ഭിത്തി മുഴുവൻ വോൾപേപ്പർ ഒട്ടിച്ച് അലങ്കരിച്ചിരിക്കുന്നു. ബ്ലാക് ഗ്രാനൈറ്റാണ് ഗോവണിപ്പടികളിൽ ഉപയോഗിച്ചത്. സ്റ്റീൽ ഫ്രയിമുകൾ കൊണ്ട് ഹാൻഡ്‌റെയിലുകൾ നിർമിച്ചു. ഗോവണിയുടെ ഒരുവശത്ത് പർഗോള ഗ്ലാസ് ഓപ്പണിങ് നൽകി. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കൊഴുക്കുന്നു. ഗോവണി കയറിച്ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. ഇവിടെ ഒരു ഓഫിസ് സ്‌പേസും സമീപം ഒരു ഫാമിലി ലിവിങ് സ്‌പേസും ക്രമീകരിച്ചു.

ചെറുതെങ്കിലും ചേതോഹരമാണ് പാൻട്രി സ്‌പേസ്. ഇവിടെ ഒരു ബ്രെക്ഫാസ്റ്റ് കൗണ്ടറും നൽകി. പ്ലൈവുഡ്, വെനീർ ബോർഡിൽ വൈറ്റ് ഗ്രാനൈറ്റാണ് ഈ കൗണ്ടറിനു നൽകിയത്. ഇതിനു സമീപം വർക്ക് ഏരിയയും നൽകി. ബ്ലാക്& വൈറ്റ് തീമിലാണ് വർക് ഏരിയ.

മൂന്നു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒന്നും, മുകളിൽ രണ്ടും. കിടപ്പുമുറികൾ ഫോൾസ് സീലിങ്ങും വോൾപേപ്പറും അലങ്കരിക്കുന്നു. അറ്റാച്ഡ് ബാത്റൂമും വാഡ്രോബുകളും ഇവിടെ ഒരുക്കി.

ബാൽക്കണിയുടെ സീലിങ്ങിൽ എൽഇഡി ലൈറ്റ് നൽകിയതും ഒരുവശത്തു ഗ്ലാസ് പാരപ്പറ്റ് നൽകിയതും ശ്രദ്ധേയമാണ്.വീട്ടിൽ എൽഇഡി ലൈറ്റുകൾ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. പ്രധാന മുറ്റം ചെറുതായി ലാൻഡ്സ്കേപ് ചെയ്തു. കരിങ്കല്ലും ഗ്രീൻ ഗ്രാസുമാണ് ഇതിനുപയോഗിച്ചത്. പറഞ്ഞ സമയത്തിനുള്ളിൽ വീടുപണി തീർത്തു, പാലുകാച്ചലും കഴിഞ്ഞു. നിർമാതാവും ഹാപ്പി വീട്ടുകാരും ഹാപ്പി.

ചിത്രങ്ങൾ- അജീബ് കൊമാച്ചി , കടപ്പാട് – മലയാള മനോരമ

Project Facts

Area-1500 SFT

Plot- 4 cents

Location- Chevarambalam, Calicut

Completion year- March 2017

Owner- Ratheesh, Neema

Construction, Design- Sajeendran Kommeri

Blue Pearl Constructions, Calicut

email- sajeendrankommeri1@gmail.com

Mob- 9388338833

കടപ്പാട് : manoramaonilne

To Top