Home Tips

22 ലക്ഷത്തിന്റെ പരിസ്ഥിതി സൗഹൃദ വീട്

വീടിനു ഒരു രാഷ്ട്രീയമുണ്ട്. താമസിക്കുന്ന ആളുകളുടെ രാഷ്ട്രീയം വീടിന്റെ പുറംകാഴ്ചയിൽ പ്രതിഫലിച്ചു കാണാൻ കഴിയും. വീട് പൊങ്ങച്ചത്തിന്റെയും പ്രകടനപരതയുടെയും രാഷ്ട്രീയം പറയുന്ന കാഴ്ചകളാണ് സമകാലികകേരളത്തിൽ കൂടുതലും കാണാൻകഴിയുക. എന്നാൽ അതിൽനിന്നും വേറിട്ടുനിൽക്കുന്ന കാഴ്ചയാണ് ദയ എന്ന വീട്.

വീട് നിര്‍മിക്കുമ്പോള്‍ അത് പ്രകൃതിയെ കഴിയുന്നത്ര നോവിക്കാതെയുള്ള ഒരു വീടായിരിക്കണം എന്ന ആഗ്രഹക്കാരായിരുന്നു നാടക ആര്‍ടിസ്റ്റായ സക്കറിയായും ഭാര്യ പൊലീസ് ഓഫിസറായ റുബീനയും. ഇതിനുവേണ്ടി അവര്‍ സമീപിച്ചത് പൊന്നാനിയിലുള്ള ഡിസൈനര്‍ പ്രസാദിനെയാണ്. ഒരൊറ്റ പുതിയ മരംപോലും ഈ വീടിന്‍റെ ആവശ്യത്തിനായി മുറിച്ചിട്ടില്ല.

മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങളിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു.

ചെങ്കല്ലിന്റെ എക്സ്പോസ്ഡ് വർക്ക് ആണ് എലിവേഷനിൽ ഉടനീളം കാണുന്നത്. ലിന്റലുകൾ വരുന്ന ഭാഗത്തും ജനാലയുടെ ഫ്രയിമുകൾ വരുന്ന ഭാഗത്തും മാത്രമാണ് വെള്ള നിറം നൽകി പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത്. കോൺക്രീറ്റ് കൊണ്ടുള്ള സൺഷേഡുകൾ ഒഴിവാക്കി.

ഷേഡ് ആവശ്യമുള്ള ഭാഗത്ത് GI ട്രസ് നൽകി ഓട് പാകിയിരിക്കുകയാണ്. തടി കൊണ്ടുള്ള ജനാലകളും പഴയ തറവാട് പൊളിച്ചപ്പോൾ ലഭിച്ച തടിത്തൂണും എലിവേഷന്റെ ഭംഗി കൂട്ടുന്നു.

രണ്ടുനിലയായി നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര ഫില്ലര്‍ സ്ലാബ് രീതിയിലാണ് വാര്‍ത്തിരിക്കുന്നത്. സ്ഥല ഉപയുക്തതയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ ഇഞ്ചും നഷ്ടപ്പെടുത്താതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.വീടിന്‍റെ കട്ടിള, ജനല്‍, വാതില്‍ എല്ലാംതന്നെ പഴയ വീടുകള്‍ പൊളിച്ച തടി വാങ്ങിച്ച് പുനരുപയോഗിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ ടെറാക്കോട്ട മൺടൈലുകളാണ് പ്രധാന ഇടങ്ങളിൽ നിലത്തുപാകിയത്.

ഊണുമുറിയെയും അടുക്കളയേയും വേർതിരിക്കുന്ന പാർടീഷനായാണ് ഗോവണി. കോൺക്രീറ്റ് ചെയ്ത പടികളിൽ തടി പാകിയിരിക്കുകയാണ്.

ലളിതമായ അടുക്കള. ബോര്‍ഡുകള്‍, വാഡ്രോബുകള്‍ എല്ലാം തന്നെ ഫെറോസിമന്‍റ് സ്ലാബ് ഉപയോഗിച്ച് തട്ടുകള്‍ ഒരുക്കി. ഫാബ്രിക്കേറ്റഡ് അലുമിനിയവും ഹൈലം ഷീറ്റും ഉപയോഗിച്ചാണ് ഷട്ടറുകള്‍ നല്‍കിയത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്.

ഇന്റീരിയറിൽ അലങ്കാരപ്പണികൾ കുത്തിനിറച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഗൃഹനാഥന്റെ കുടുംബസുഹൃത്ത് ചെയ്ത കുറച്ച് പെയിന്റിങ്ങുകൾ മാത്രമാണ് അകത്തളങ്ങളിലെ ഭിത്തികൾ അലങ്കരിക്കുന്നത്. ലിവിങ്- ഡൈനിങ് സ്‌പേസുകൾ സംയോജിപ്പിച്ച് ഏരിയ കുറച്ചു. ഗോവണിയുടെ താഴെയുള്ള ഭാഗത്ത് ബാത്റൂം സജ്ജീകരിച്ചു.

സ്‌കൈലൈറ്റുകളിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്ക് എത്തുന്നു. ഇങ്ങനെ കഴിയുന്നത്ര പ്രകൃതിസൗഹൃദമായി നിര്‍മിച്ച 1450 SFT വിസ്തൃതിയുള്ള ഈ വീടിന് എല്ലാ ചെലവുകളുമുള്‍പ്പെടെ 22 ലക്ഷം രൂപ മാത്രമാണ് ചെലവായിരിക്കുന്നത്.

ചെലവ് കുറച്ച ഘടകങ്ങൾ

ഫില്ലർ സ്ലാബ് സാങ്കേതിവിദ്യ ഉപയോഗിച്ച് മേൽക്കൂര നിർമിച്ചു.

തേയ്ക്കാത്ത പുറംഭിത്തികൾ, പഴയ തടി പുനരുപയോഗിച്ചു.

ഫെറോസിമന്റ് സ്ലാബുകൾ കൊണ്ട് കബോർഡുകൾ, ഷട്ടറുകൾക്ക് അലുമിനിയം ഹൈലം ഷീറ്റ് എന്നിവ ഉപയോഗിച്ചു.

മിനിമൽ ശൈലിയിൽ ഇന്റീരിയർ. ഫോൾസ് സീലിങ് ചെയ്യാതെ നേരിട്ട് ലൈറ്റ് പോയിന്റുകൾ.

കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സ്,

Location- Changaramkulam, Malappuram

Owner- Zacharia, Rubeena

Designer- Prasad

SS Builders, Ponnani

Mob- 9388019128

കടപ്പാട് : manoramaonline.com

To Top