Home Tips

വീട്‌ നിര്‍മിക്കുമ്പോള്‍ -വായികുക ഷെയര്‍ ചെയുക

സ്ഥലമെടുക്കാം

സ്ഥലമെടുപ്പാണ്‌ വീടുനിര്‍മാണത്തിന്റെ പ്രാരംഭഘട്ടം. സ്ഥലം എന്നു പറയുമ്പോള്‍ ചുളുവിലക്ക്‌ ഭൂമി കിട്ടുക എന്നാണ്‌ പലരും ചിന്തിക്കുന്നത്‌. ചുളു വിലക്ക്‌ കിട്ടുക എന്ന്‌ ആശിക്കുന്നതിനു മുമ്പേ വിലകുറവുള്ള ദേശങ്ങള്‍ അന്വേഷിക്കുക. ഓരോ പ്രദേശത്തിനും ഓരോ മാര്‍ക്കറ്റ്‌ വില ഉണ്ടായിരിക്കും. കുട്ടികള്‍ ഉള്ളവര്‍ അങ്ങാടിയില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ അടുത്തുള്ള സ്ഥലം ഒഴിവാക്കരുത്‌.

വീട്‌(സ്ഥലം) വില്‍ക്കുമ്പോള്‍ ബ്രോക്കര്‍ ഇല്ലെങ്കിലും, സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടാകുന്നത്‌ നല്ലതാണ്‌. ആദ്യം ഒരു ബ്രോക്കറെ സമീപിച്ച്‌ അയാളുടെ ലിസ്റ്റിലെ സ്ഥലം കാണുക. നമ്മുടെ തൊഴില്‍, വിദ്യാഭ്യാസം എന്നിവക്കനുസരിച്ച്‌ അതേ നിലവാരമുള്ളവര്‍ പാര്‍ക്കുന്ന ദേശം തിരഞ്ഞെടുത്താല്‍ നല്ലത്‌. മറ്റുള്ള ആളുകള്‍ പറയുന്ന സ്ഥലവും കാണുക. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ ആധാരത്തിന്റെ കോപ്പി ആവശ്യപ്പെടുക. അത്‌ വിദഗ്‌ധനായ ആധാരം എഴുത്തുകാരന്‍, വക്കീല്‍, വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരന്‍ എന്നിവരെ കാണിച്ച്‌ പ്രശ്‌നമില്ലാത്തതാണ്‌ എന്ന്‌ ബോധ്യപ്പെട്ടാല്‍ ചെറിയ സംഖ്യ കൊടുത്ത്‌ ആധാരത്തിന്റെയും അടിയാധാരത്തിന്റെയും കോപ്പി കൂടി ആവശ്യപ്പെടുക. വില നിശ്ചയിച്ച്‌, എഗ്രിമെന്റ്‌ എഴുതിയ ശേഷം അഡ്വാന്‍സ്‌ കൊടുക്കാം. അഡ്വാന്‍സ്‌ കൊടുക്കുന്നതിന്‌ മുമ്പ്‌ വഴിത്തര്‍ക്കം, മാലിന്യ പ്രശ്‌നം എന്നിവ നിലനില്‍ക്കുന്നോ എന്ന്‌ അയല്‍പക്കത്ത്‌ അന്വേഷിച്ചറിയണം.

പ്ലാന്‍

വീടിന്‌ അഡ്വാന്‍സ്‌ കൊടുത്ത ഉടനെ പ്ലാന്‍ വരക്കാന്‍ കൊടുക്കണം. ഒറ്റയടിക്ക്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കി കാണിക്കുന്ന പ്ലാന്‍ അംഗീകരിക്കരുത്‌.

1) വീട്ടിലെല്ലാവരുമായി ചര്‍ച്ച ചെയ്‌ത്‌ വേണ്ട കാര്യങ്ങള്‍ എഴുതിയെടുത്ത്‌ പ്ലാന്‍ വരപ്പിക്കണം.

2) വരച്ച പ്ലാന്‍ സ്വീകരിക്കും മുമ്പേ രണ്ടു കോപ്പി വാങ്ങി വീടു നിര്‍മാണം ഏറ്റെടുത്ത ആള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും നല്‍കി വേണ്ട മാറ്റങ്ങള്‍ വരുത്തണം.

3) ഫൈനല്‍ പ്ലാനും എലിവേഷനും വരപ്പിച്ച്‌ സൂപ്പര്‍വൈസര്‍ (എഞ്ചിനിയര്‍/കോണ്‍ട്രാക്ടര്‍) അംഗീകരിച്ച ശേഷം പ്ലാന്‍ പാസാക്കാം.

കരാര്‍ കൊടുക്കുമ്പോള്‍

കോണ്‍ട്രാക്ട്‌ ഏല്‍പിക്കുമ്പോള്‍ സ്‌ക്വയര്‍ഫീറ്റ്‌ (സ്‌ട്രെക്‌ച്ചറിനു മാത്രം-മെറ്റീരിയല്‍ അടക്കം) ചാര്‍ജ്‌ ചോദിച്ച്‌ ആ പ്രദേശത്തെ മറ്റു കോണ്‍ട്രാക്ടര്‍മാരുടെ ചാര്‍ജും അന്വേഷിച്ച ശേഷം കരാര്‍ കൊടുക്കുക. കരാര്‍ കൊടുക്കുമ്പോള്‍ (മെറ്റീരിയല്‍ ഫസ്റ്റ്‌ കോളിറ്റി, ചെത്തിപ്പടവ്‌, മണല്‍ എന്നിങ്ങനെ) കണ്ടീഷനുകള്‍ വെക്കണം. കരാര്‍ രേഖാമൂലം എഴുതിയ ശേഷമേ പണി ആരംഭിക്കാവൂ. പറഞ്ഞ കല്ലായിരിക്കില്ല സൈറ്റില്‍ എത്തുന്നത്‌. നമ്മുടെ മനസ്സിലെ പ്ലാനില്‍ വീടുണ്ടാകുമ്പോള്‍ കരാര്‍ ഏറ്റെടുക്കുന്ന ആള്‍ `ചെലവ്‌ കൂടും’ എന്ന്‌ പറഞ്ഞ്‌ പേടിപ്പിച്ച്‌ പ്ലാനും എലിവേഷനും മാറ്റിവരപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അയാളെ ആദ്യമേ ഒഴിവാക്കാം. നല്ല നിര്‍ദേശം തരുന്ന കോണ്‍ട്രാക്ടറെ വിശ്വസിക്കാം. (ഉദാഹരണത്തിന്‌- വീടിന്റെ മുന്‍ഭാഗത്ത്‌ കോമണ്‍ ടോയ്‌ലറ്റ്‌ കൊടുക്കരുത്‌, വര്‍ക്കേരിയയെടുക്കുമ്പോള്‍ മിനിമം ഒന്നര മീറ്റര്‍ വീതിയെങ്കിലും വേണം ഒന്നാകെ.) നല്ല നിര്‍ദേശങ്ങള്‍ തരാതെ നിങ്ങള്‍ക്ക്‌ പ്ലാന്‍ തയ്യാറാക്കാന്‍ ആളെ ഏല്‍പ്പിച്ച്‌ മാറി നില്‍ക്കുകയും പ്ലാന്‍ വരക്കാന്‍ കൂടിയ പൈസ ആവശ്യപ്പെടുകയും ചെയ്യുന്ന ആളെ ആദ്യമേ പടിക്കു പുറത്താക്കുക. അയാള്‍ക്ക്‌ സൈറ്റില്‍ വരുന്ന മെറ്റീരിയല്‍ മികച്ചതാവണമെന്നില്ല.

ഡ്രാഫ്‌റ്റ്‌സ്‌മാന്‍ (ഐ.ടി.സി) ഉള്ളവര്‍ 2500 മുതല്‍ 3500 രൂപ വരെ വാങ്ങി മനോഹരമായ പ്ലാനുകള്‍ വരച്ചു തരും. വീട്‌ എത്ര സെന്റ്‌, എത്ര അംഗങ്ങള്‍, എത്ര വിസ്‌തീര്‍ണം എന്ന്‌ ആദ്യമേ പറഞ്ഞാല്‍ മാത്രം മതി.

ചെലവ്‌ ചുരുക്കല്‍

നല്ലൊരു പ്ലാന്‍ വരച്ച ശേഷം, പറ്റുമെങ്കില്‍ വീടുണ്ടാക്കുന്ന പ്ലോട്ടിന്‌ അടുത്ത്‌ താമസമാക്കുക. ആ പ്രദേശത്തെ ഒരു ചെറിയ എഞ്ചിനീയറെ ആഴ്‌ചയില്‍ ഒരിക്കല്‍ സൂപ്പര്‍വിഷന്‌ ഏല്‍പിച്ചാല്‍ കരാറുകാരന്‍ ഇല്ലാതെ സ്വന്തമായി മെറ്റീരിയല്‍ ഇറക്കി വീടുണ്ടാക്കുന്നത്‌ ലാഭകരമാണ്‌. അതത്‌ പ്രദേശത്തു കിട്ടുന്ന നിര്‍മാണ വസ്‌തുക്കള്‍, അതത്‌ പ്രദേശത്തെ ആളുകള്‍ വഴി സൈറ്റില്‍ എത്തിക്കുക. നല്ലൊരു മേസ്‌തിരിക്ക്‌ കോണ്‍ട്രാക്ടറേക്കാള്‍ വിവരമുണ്ടാകും. വീടുണ്ടാക്കുന്നതിനുമുമ്പ്‌ കിണര്‍ കുഴിച്ചാല്‍ വീടിന്റെ തറ നിറക്കാന്‍ മണ്ണ്‌ പുറത്തുനിന്ന്‌ കൊണ്ടുവരാതെ കാശ്‌ ലഭിക്കാം. കിണര്‍ വെള്ളം വീടുപണിക്ക്‌ ഉപകാരമാകും.

കിള കീറാന്‍ വിദഗ്‌ധരില്ലെങ്കില്‍ ഇരട്ടി ചെലവാകും. കുഴിയിലെ മണ്ണ്‌ അകത്തേക്ക്‌ ഇടുന്നതിന്‌ പകരം ഇവര്‍ പുറത്തേക്ക്‌ വലിച്ചിടും. ഇതു കാരണം തറ നിറക്കാന്‍ ചെലവ്‌ കൂടും. ഇതിന്‌ നാട്ടുകാരും കരാറുകാരനും പറയുന്ന ന്യായം- `സാരമില്ല, കരാറല്ലേ’ എന്നാണ്‌. കരാറുകാരന്‍ ഇത്തരം `വെറുംപണിക്കും പാഴാക്കലിനും’ വീട്ടുടമയോട്‌ അമിതമായ കമ്മീഷനാണ്‌ വസൂലാക്കുക. ( സ്‌ക്വയര്‍ മീറ്ററിന്‌ 700-750 രൂപ വാങ്ങുമ്പോള്‍ നമ്മള്‍ സ്വയം ചെയ്യിച്ചാല്‍ 500 രൂപയേ വരൂ.)

ലാഭം ഇരു നില

കിള, കരിങ്കല്ല്‌, ബെല്‍റ്റ്‌ എന്നി വയുടെ ചെലവ്‌ നോക്കുമ്പോള്‍ ഒറ്റ നില യില്‍ നാലുമുറി വീട്‌ പണിയുന്നതിനേക്കാള്‍ ലാഭം ഇരുനിലയില്‍ നാലു മുറി വീട്‌ പണിയുകയാണ്‌. മാത്രമല്ല ഭാവിയില്‍ വര്‍ക്കേരിയ, വരാന്ത എന്നിവ പണിയാനോ മൂത്ത കുട്ടിക്ക്‌ വീട്‌ വെക്കാനോ മുറ്റം ഉപകരിക്കും. (ഫല വൃക്ഷങ്ങളും ഔഷധികളും വീടിനോട്‌ ചേര്‍ന്ന്‌ നടുകയും ചെയ്യാം.)
കിടപ്പുമുറികള്‍ ഒഴിച്ചുള്ളവ ഇരട്ട ചുമരുകള്‍ ഒഴിവാക്കുക. (ലിവിംങ്ങ്‌, ഡ്രോയിംഗ്‌, ഡൈനിംഗ്‌ എന്നിവ ഒന്നിച്ചാക്കുക). എത്ര പണമുണ്ടെങ്കിലും വീടിന്റെ വിസ്‌തീര്‍ണം പരമാവധി കുറച്ചാല്‍ മുറ്റത്ത്‌ തോട്ടത്തിനും കുളത്തിനുമൊക്കെ സ്ഥലം കണ്ടെത്താം.

സിമന്റും കമ്പിയും മണലും പരമാവധി കുറച്ചുപയോഗിച്ച്‌ പ്രകൃതിയോടും പരിസ്ഥിതിയോടും സമൂഹത്തോടും നീതി പുലര്‍ത്തുക. പണമുള്ളവര്‍ 3500-4000 സ്‌ക്വയര്‍ഫീറ്റ്‌ വീടുണ്ടാക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക്‌ മണലും സിമന്റും കിട്ടാതാകും.

പുറം ചുമര്‍ തേക്കുന്നവര്‍ക്ക്‌ സെക്കന്റ്‌ ക്വാളിറ്റി കല്ലായാലും മതി. വാര്‍പ്പ്‌ അത്യാവശ്യമില്ലാത്തിടത്ത്‌ ഒഴിവാക്കുക. സിമന്റ്‌ ഷെല്‍ഫും ഫൈബറും ഉപയോഗിച്ച്‌ അടുക്കള ഒരുക്കാം. വര്‍ക്കേരിയക്ക്‌ പഴയ കഴുക്കോലും ഓടും വാങ്ങി ഒപ്പിക്കാം. അലൂമിനിയം ജനലുകളും ചെയ്യാം.

വീടിന്റെ ഈടിന്‌

നല്ല മെറ്റീരിയല്‍, നല്ല പണിക്കാര്‍ എന്ന പോലെ പ്രധാനമാണ്‌ നല്ല നനയും. പടവും കോണ്‍ക്രീറ്റും നനക്കാന്‍ പണിക്കാരും കോണ്‍ട്രാക്ടറും എത്തിയില്ലെങ്കില്‍ അടുത്ത്‌ താമസിച്ചാല്‍ സ്വയം നനച്ച്‌ കെട്ടിടത്തിന്റെ ഈട്‌ വര്‍ധിപ്പിക്കാം.

ധാരാളം സെറാമിക്‌, മാര്‍ബിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാധാരണക്കാര്‍ പോലും മരം വാങ്ങാന്‍ പിശുക്കി കോണ്‍ക്രീറ്റ്‌ ജനലും വാതിലും ഉപയോഗിക്കുന്നു. കോണ്‍ക്രീറ്റ്‌ പ്രകൃതിവിരുദ്ധവും വിറ്റാല്‍ വില കിട്ടാത്തതും പൊളിക്കുമ്പോള്‍ മണ്ണില്‍ വിഷം കലര്‍ത്തുന്നതുമാണെന്ന്‌ ഓര്‍ക്കുക. കുട്ടികള്‍ ചെറുതാണെന്ന്‌ കരുതി ഒന്നോ രണ്ടോ മുറി പണിത്‌ ഉള്ള കാശ്‌ മുഴുവനും ഇന്റീരിയറിനും ആര്‍ഭാടത്തിനും ചെലവാക്കുന്ന പലരും കുട്ടികള്‍ എളുപ്പം വലുതാകുമെന്നും അവര്‍ക്ക്‌ സുരക്ഷിതമായ മുറികള്‍ വേണമെന്നും ഓര്‍ക്കാറില്ല. കുട്ടികള്‍ വളരുമ്പോള്‍ അവരുടെ ആവശ്യത്തിന്‌ വീടിന്‌ സൗകര്യമുണ്ടാകുകയില്ല. ആദ്യം അത്യാവശ്യം സൗകര്യമൊരുക്കി, ആര്‍ഭാടങ്ങളും ഇന്റീരിയറും അവസാനം ചെയ്യുന്നതാണ്‌ ബുദ്ധി. വില കൂടിയ ഫര്‍ണിച്ചറിന്‌ ചെലവാക്കുന്ന പണം കൊണ്ട്‌ സിമന്റ്‌, മരപ്പണി പരമാവധി തീര്‍ത്ത്‌ വീട്‌ സൗകര്യപ്രദമാക്കി പണമുണ്ടാകുമ്പോള്‍ മുറികള്‍ ഓരോന്നായി മിനുക്കിയെടുക്കുകയും ഒന്നൊന്നായി ഫര്‍ണിച്ചര്‍ വാങ്ങുകയും ചെയ്യുമ്പോള്‍ സുഖവും ശാന്തിയുമുണ്ടാകും. വായ്‌പകളില്‍ കുടുങ്ങാതിരിക്കുകയും കടമില്ലാതിരിക്കുകയും ചെയ്യും.

Source: എ.എം ഖദീജ aramamonline

To Top