Home Design

4 സെന്റില്‍ 10 ലക്ഷത്തിന് ഒരു ഒറ്റ നില വീട്, പ്ലാന്‍ സഹിതം

കൊക്കിലൊതുങ്ങുന്നൊരു കൊച്ചുവീട് മതി എന്നായിരുന്നു പ്രശോഭിന്റെയും രമ്യയുടെയും ആഗ്രഹം. നാല് സെന്റിലുള്ള ഒറ്റനില വീട്. ചെലവ് 10 ലക്ഷം രൂപ. ഭാവിയിൽ മുകളിൽ രണ്ട് കിടപ്പുമുറികൾ പണിയാം.

712 സ്ക്വയർഫീറ്റ് മാത്രമുള്ള ഒറ്റനില വീട്ടിൽ ഒരു കിടപ്പുമുറി മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. മുകളിൽ ഫാമിലി ലിവിങ്ങും രണ്ട് കിടപ്പുമുറികളും കൂടി പണിയാവുന്ന രീതിയിലാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനായി വീടിനുള്ളിൽക്കൂടിത്തന്നെ സ്റ്റെയർകെയ്സ് നൽകിയിട്ടുമുണ്ട്.

ഒൻപത് മീറ്റർ മാത്രം വീതിയും 15.8 മീറ്റർ നീളവുമുള്ള നാല് സെന്റ് സ്ഥലമാണ് വീടുപണിയാനായി ഉണ്ടായിരുന്നത്. പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ചാണ് വീടിന്റെ ഘടന. പോർച്ച്, സിറ്റ്ഔട്ട്, സ്വീകരണമുറി, അടുക്കള, അറ്റാച്ഡ് ബാത്റൂമുള്ള കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ സ്റ്റെയർ റൂം മാത്രവും.

മൈൽഡ് സ്റ്റീൽ കൊണ്ട് ഫ്രെയിം തയ്യാറാക്കി അതിൽ ‘പ്രീ കാസ്റ്റ് കോൺക്രീറ്റ് സ്ലാബ്’ ഉറപ്പിച്ചാണ് സ്റ്റെയർകെയ്സ് നിർമിച്ചത്. പഴയ സാധനങ്ങൾ വിൽക്കുന്നിടത്തു നിന്ന് വാങ്ങിയ മൈൽഡ് സ്റ്റീൽ കമ്പിയാണ് ഫ്രെയിം നിർമിക്കാൻ ഉപയോഗിച്ചത്. ചെലവ് വളരെ കുറയ്ക്കാൻ ഇതു സഹായിച്ചു.

സിറ്റ്ഔട്ടിന്റെ തൂണിലും ഇടതുവശത്തെ ചുവരിലും ക്ലാഡിങ് ടൈൽ ഒട്ടിച്ചതു മാത്രമാണ് എലിവേഷനിലെ അലങ്കാരപ്പണി. മുൻവശത്തുള്ള ജനാലകൾക്കു മുകളിലുള്ള ഓട് മേഞ്ഞ സൺഷേഡും വീടിന്റെ ഭംഗി കൂട്ടുന്നു. ട്രസ് വർക് ചെയ്താണ് സൺഷേഡ് നിർമിച്ചത്. മുകളിലെ പാരപ്പെറ്റിലും കോൺക്രീറ്റ് ഒഴിവാക്കി പകരം ജിഐ സ്ക്വയർ പൈപ്പ് ഉപയോഗിച്ചു. ഇതിനു സമാനമായ ഡിസൈനിലാണ് ഗെയ്റ്റും മതിലും നിർമിച്ചിരിക്കുന്നത്.

2015 ജനുവരിയിലാണ് വീട് പൂർത്തിയായത്. സ്ക്വയർഫീറ്റിന് 1400 രൂപ നിരക്കിലായിരുന്നു നിർമാണച്ചെലവ്.

വീടു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച നിര്‍മ്മാണ സാമഗ്രികള്‍

ഭിത്തി – സോളിഡ് കോൺക്രീറ്റ് ബ്ലോക്ക്

ഫ്ലോറിങ് – ഗ്രാനൈറ്റ്, വിട്രിഫൈഡ് ടൈൽ

മേൽക്കൂര – കോൺക്രീറ്റ്

വാതിൽ – തടി, റെഡിമെയ്ഡ് വാതിൽ

കിച്ചൻ കാബിനറ്റ് – അലൂമിനിയം

കിച്ചൻ കൗണ്ടർടോപ്പ് – ഗ്രാനൈറ്റ്

സ്റ്റെയർകെയ്സ് – മൈൽഡ് സ്റ്റീൽ, കോൺക്രീറ്റ്

കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സ്

Designer: എം.യു. അഭിലാഷ്, പുത്തൻചിറ, തൃശൂർ

muabhilash@gmail.com

To Top