മലപ്പുറം ജില്ലയിലെ എടപ്പാളിൽ 18 സെന്റിൽ 2700 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ആധുനിക ശൈലിയിലുള്ള എക്സ്റ്റീരിയറും കന്റംപ്രറി ശൈലിയിലുള്ള ഇന്റീരിയറുമാണ് ഒരുക്കിയിരിക്കുന്നത്. സ്ലോപ്-ഫ്ലാറ്റ് റൂഫുകളുടെ സങ്കലമാണ് എലിവേഷൻ. ഇതിൽ ഷിംഗിൾസ് വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. വൈറ്റ്, ലൈറ്റ് ഗ്രീൻ നിറങ്ങളാണ് പുറംഭിത്തികളിൽ നൽകിയത്.
പ്രവേശനകവാടത്തിന്റെ ഇരുവശങ്ങളിലും ബ്ലാക് ക്ലാഡിങ് ടൈലുകൾ പതിപ്പിച്ചിട്ടുണ്ട്. വീടിന്റെ തുടർച്ച അനുഭവപ്പെടുന്ന ചുറ്റുമതിൽ. പ്രധാന മുറ്റം കരിങ്കല്ല് പാകി ഉറപ്പിച്ചിരിക്കുന്നു. ബാക്കിയിടങ്ങളിൽ പുൽത്തകിടിയും നൽകിയിരിക്കുന്നു. രണ്ട് ഉമ്മറങ്ങൾ വീടിനു നൽകിയത് ശ്രദ്ധേയമാണ്.
വിശാലമാണ് അകത്തളങ്ങൾ. പ്രവേശനകവാടത്തിൽ നിന്നും അത്തേക്ക് കയറുന്ന ഭാഗത്ത് പഴമ തോന്നിക്കുന്ന റസ്റ്റിക് ഫിനിഷുള്ള ടൈലുകൾ നൽകി. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ചിലയിടങ്ങളിൽ കോൺട്രാസ്റ്റ് നൽകുന്നതിനായി വുഡൻ ഫിനിഷുള്ള ടൈലുകളും നൽകി. ഫോർമൽ ലിവിങ്ങിനു പ്രൈവസി നൽകുന്നതിനായി സിഎൻസി ജാളി പാർടീഷൻ നൽകിയത് ശ്രദ്ധേയമാണ്.
ഗോൾഡൻ ലെതർ ഫിനിഷുള്ള കസ്റ്റമൈസ്ഡ് സോഫ യൂണിറ്റ് ഇന്റീരിയർ തീമിനനുസരിച്ചാണ് നിർമിച്ചത്. ടിവി യൂണിറ്റിന്റെ ഭിത്തിയിൽ വുഡൻ ഫിനിഷുള്ള വോൾപേപ്പർ നൽകി.
ഗോവണിയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. സസ്പെൻഡഡ് ശൈലിയിലാണ് സ്റ്റെയർ. ഇവിടെ ഹാൻഡ്റെയിലുകൾ നൽകിയിട്ടില്ല.പകരം ജിഐ പൈപ്പുകൾ വെർട്ടിക്കലായി അലൈൻ ചെയ്തു ഇതിൽ വുഡൻ എലമെൻറ്സ് നൽകി. മുകൾനിലയിൽ ലിവിങ് സ്പേസ്, ഒരു കിടപ്പുമുറി, ബാൽക്കണി, ഓപ്പൺ ടെറസ്സ് എന്നിവ നൽകിയിട്ടുണ്ട്.
ആറു പേർക്കിരിക്കാവുന്ന ഊണുമേശ. വൈറ്റ്തീമിലാണ് ഊണുമേശയൊരുക്കിയത്. നാനോവൈറ്റ് കൊണ്ടാണ് ടേബിൾ ടോപ്പ്. ഇതിനു സമീപം മൾട്ടിവുഡ് കൊണ്ട് വൈറ്റ് പെയിന്റ് ഫിനിഷിൽ പാൻട്രി ടേബിൾ നൽകി. ഊണുമുറിയുടെ ഒരരികിലെ ഭിത്തിയിൽ ക്ലാഡിങ് ടൈലുകൾ പാകി പെബിൾ കോർട്യാർഡും നൽകിയിട്ടുണ്ട്.
മൂന്നു കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ മുറികളും ഓരോ കളർതീമിലാണ്. ഹെഡ്ബോർഡിന്റെ ഭാഗത്തെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്.
സസ്പെൻഡഡ് ശൈലിയിലാണ് അടുക്കള. നാനോവൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്പ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.
ഓരോ സ്പേസിനും ഉപയുക്തത നല്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാം ടോൺ ലൈറ്റിങ് ഇന്റീരിയറിൽ പ്രസന്നമായ അന്തരീക്ഷം നിലനിർത്തുന്നു. ചുരുക്കത്തിൽ അകംപുറം ക്യൂട്ട് ലുക്കാണ് ഈ വീടിന്റെ സവിശേഷത.
Location- Edappal, Malappuram
Area- 2700 SFT
Plot- 18 cents
Owner- Ahmed Isham
Construction, Design- Sadiq Ali
Brick & Stone, Ponnani
Mob- 9995550051
Completion year- 2017
കടപ്പാട് : manoramaonline.com
