Home Design

750 sq.ft ല്‍ 12 ലക്ഷം രൂപക്ക് ഒരു സ്വപ്ന ഭവനം

ചെറുതുരുത്തിയിലെ തന്റെ സ്ഥലത്ത് അത്യാവശ്യ ഇടങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ചെറിയൊരു വീട്. അതായിരുന്നു പ്രമോദിന്റെ സ്വപ്നം. തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് പ്രമോദ് കൂട്ടുപിടിച്ചത്് സുഹൃത്തും കോണ്‍ട്രാക്റ്ററുമായ സലീമിനെയായിരുന്നു. അങ്ങനെ സുഹൃത്തിനു വേണ്ടി സലീം സൗകര്യങ്ങള്‍ക്ക് ഒട്ടും കുറവു വരുത്താതെ ചെലവു ചുരുക്കി വീടു നിര്‍മ്മിച്ചു നല്‍കി.

പ്രത്യേകതകളേറെ

പ്രമോദിന്റെ വീടിന് അവകാശപ്പെടാന്‍ ഒരുപാട് പ്രത്യേകതകളുണ്ട്. 750 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് വെറും 12 ലക്ഷം കൊണ്ടാണ് പണി തീര്‍ത്തത്. മാത്രമല്ല കൃത്യമായ പ്ലാനിങ്ങിലൂടെ പുതുമയുള്ള ആശയങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചിട്ടുമുണ്ട്. നാലു സെന്റില്‍ കണ്‍ടെംപ്രറി ശൈലിയിലാണ് വീട് പണിതിരിക്കുന്നത്. സ്ഥലക്കുറവു കൊണ്ടുണ്ടാകുന്ന പരിമിതികളെല്ലാം തരണം ചെയ്തു കൊണ്ടാണ് വീട് നിര്‍മ്മിച്ചത്. സിറ്റൗട്ട്, ലിവിങ്ങ്, ഡൈനിങ്ങ്, 2 അറ്റാച്ച്ഡ് ബാത്‌റൂമുകളുള്ള കിടപ്പുമുറികള്‍, അടുക്കള, വര്‍ക്ക് ഏരിയ, കോമണ്‍ ബാത്‌റൂം എന്നിവയാണ് ഈ വീട്ടിലുള്ളത്.

ലളിതം സുന്ദരം

ചെലവു കുറഞ്ഞു നിര്‍മ്മിച്ചതാണെങ്കിലും വീടിന് വ്യത്യസ്തത കൊണ്ടുവരാന്‍ സലീം മറന്നിട്ടില്ല. കണ്‍ടെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷന്‍ തീര്‍ത്തത്. സ്‌ക്വയര്‍ ഫീറ്റിനു 15 രൂപ വില വരുന്ന സ്‌റ്റോണാണ് എലിവേഷനില്‍ നല്‍കിയ ക്ലാഡിങ്ങിനുപയോഗിച്ചത്. ലളിതമായൊരുക്കിയ വീടിന്റെ ചുമര്‍ ഹോളോ ബ്രിക്ക്‌സ് കൊണ്ടാണ് കെട്ടിയത്. ചെറുതാണെങ്കിലും സിറ്റൗട്ടില്‍ ഇരിപ്പിടമൊരുക്കി. പുളിവാക, പ്ലാവ് പോലുള്ള ഇടത്തരം മരങ്ങള്‍ കൊണ്ടാണ് വാതിലുകളും ജനാലകളും ഒരുക്കിയത്. മുന്‍ വാതില്‍ പ്ലാവ് കൊണ്ട് തീര്‍ത്ത് പോളിഷ് ചെയ്തു. മറ്റുള്ളവയ്‌ക്കെല്ലാം പെയിന്റ് നല്‍കി. പോളി കാര്‍ബണേറ്റ് ഷീറ്റു കൊണ്ടാണ് സണ്‍ഷേഡ് ഒരുക്കിയത്.

ആര്‍ഭാടങ്ങള്‍ തെല്ലുമില്ലെങ്കിലും അലങ്കാരങ്ങള്‍ക്ക് ഒട്ടും കുറവു വരുത്തിയിട്ടില്ല. മെയിന്റനന്‍സ് ഏറ്റവും എളുപ്പമാക്കുന്ന തരം ഇന്റീരിയറാണ് വീട്ടില്‍. ചെറിയ ലിവിങ്ങ് സ്‌പേസില്‍ എല്‍ഷേപ്പിലുള്ള ഫര്‍ണീച്ചര്‍ ഉപയോഗിച്ചു. ടെക്‌സ്ച്ചര്‍ വര്‍ക്ക് നല്‍കി ഒരു വാള്‍ ഹൈലൈറ്റ് ചെയ്യാനും മടിച്ചില്ല. ലിവിങ്ങിനും ഡൈനിങ്ങിനുമിടയില്‍ പ്ലൈവുഡ് കൊണ്ട് ചെറിയൊരു പാര്‍ട്ടീഷന്‍ നല്‍കി. ക്രോക്കറി ഷെല്‍ഫും ടിവി യൂണിറ്റും ഈ പാര്‍ട്ടീഷനില്‍ തന്നെ സജ്ജമാക്കി. ഡൈനിങ്ങിലും ലിവിങ്ങിലും ഇരുന്നാല്‍ കാണാവുന്ന മാതൃകയിലാണ് ടിവി യൂണിറ്റ് ഒരുക്കിയത്. വെളിച്ചം കടന്നുവരാന്‍ ഫാള്‍ സീലിങ്ങില്‍ നല്‍കിയ ഓപ്പണിങ്ങ് കണ്ടാല്‍ എല്‍ഇഡി ലൈറ്റാണെന്നെ തോന്നു. വീടു വാര്‍ക്കുമ്പോള്‍ പിവിസി പൈപ്പും ഗ്ലാസ് നല്‍കുകയായിരുന്നു. വെളിച്ചം ഉള്ളിലേക്കെത്തുവാന്‍ ഇതിലും നല്ല മാര്‍ഗം വേറെയില്ല. അകത്തളങ്ങളില്‍ വിശാലത തോന്നിക്കുവാന്‍ വെള്ള നിറം നല്‍കി. ചെലവു കുറഞ്ഞ ഫ്‌ളോര്‍ ടൈലാണ് അകത്തളങ്ങളില്‍ പാകിയത്. റെഡിമെയ്ഡ് കര്‍ട്ടനുകളാണ് ജനാലകള്‍ക്ക്.

സൗകര്യങ്ങള്‍ക്ക് കുറവില്ലാതെ

ഡൈനിങ്ങ് സ്‌പേസിനടുത്തായാണ് അടുക്കള. ഒരു ചെറിയ ബ്രേക്ക് ഫാസ്റ്റ് ടേബിളും പാന്‍ട്രിയും നല്‍കി ഇവ വേര്‍ത്തിരിച്ചിരിക്കുന്നു. പ്ലൈവുഡു കൊണ്ടാണ് ക്യാബിനറ്റുകള്‍ ഒരുക്കിയത്. ഒരു കൗണ്ടര്‍ നല്‍കി വര്‍ക്ക് ഏരിയയും വേര്‍ത്തിരിച്ചിട്ടുണ്ട്. ഗ്രാനൈറ്റു കൊണ്ടാണ് കൗണ്ടര്‍ടോപ്പ്.
അറ്റാച്ച്ഡ് ബാത്‌റൂമുകളോടു കൂടിയ രണ്ടു കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. കിടപ്പു മുറികളില്‍ സ്റ്റോറേജിനും ഇടമുണ്ട്. ലളിതമായൊരുക്കിയ മുറികളില്‍ പ്ലൈവുഡില്‍ മൈക്ക ഒട്ടിച്ചാണ് വാര്‍ഡ്രോബ് തീര്‍ത്തത്. ബാത്‌റൂമുകള്‍ ഏഴടിക്ക് വാര്‍ത്ത് മുകളില്‍ സ്‌റ്റോറേജ് സൗകര്യമൊരുക്കി.

ലളിതമായ ശൈലിയിലാണെങ്കിലും വീടിന് വ്യത്യസ്തത കൊണ്ടു വരാന്‍ സലീമിനു കഴിഞ്ഞത് കൃത്യമായ പ്ലാനിങ്ങിലൂടെയാണ്. ആവശ്യവും അനാവശ്യവും തുടക്കത്തിലേ വേര്‍ത്തിരിച്ചതിനാല്‍ ചുരുങ്ങിയ ബഡ്ജറ്റില്‍ വീടു നിര്‍മ്മിക്കാന്‍ സലീമിനു സാധിച്ചു. വീട്ടുടമയായ പ്രമോദ് ഡിസൈനര്‍ സലീമിനോടൊപ്പം ആദ്യവസാനം വരെ ഒപ്പമുണ്ടായത് ചെലവു ചുരുക്കി വീടു പണിയാന്‍ മുതല്‍ക്കൂട്ടായി.

Meet The Designer:

B. P. Saleem, Beepees Designs, Crown City, Cheruthuruthy, bpsaleem1@gmail.com, Ph: 9847155166, 8086667667

To Top