Home Tips

മൂന്നര സെന്റിൽ 1400 സ്ക്വയർ ഫീറ്റ്‌ വീട്; പ്ലാൻ കാണാം…

ആവശ്യങ്ങള്‍ കൃത്യമായാൽ മൂന്നര സെന്റും ധാരാളമെന്നു തെളിയിക്കുന്ന വീട്.

വീടുവയ്ക്കാൻ അരുണിന് കൈമുതലായി ഉണ്ടായിരുന്നത് മൂന്നര സെന്റ് സ്ഥലമായിരുന്നു. എന്നാൽ കൃത്യമായ കണക്കുകൂട്ടലുണ്ടെങ്കിൽ സ്വപ്നഭവനത്തിന് ഈ സ്ഥലം ധാരാളം മതിയെന്നു പറഞ്ഞ് വിശ്വാസമേകിയത് ഡിസൈനർ ബിജു ആന്റണിയാണ്. അങ്ങനെ ഉണ്ണിക്കുന്നേൽ വീട് നാട്ടിൽ പലരേയും ഞെട്ടിച്ചു.

മുൻഭാഗത്ത് വീതി കുറഞ്ഞും പിൻഭാഗത്ത് വീതി കൂടിയുമുള്ള പ്ലോട്ടിന് കൃത്യമായ ആകൃതിയില്ലായിരുന്നു. പ്ലോട്ടിലുണ്ടായിരുന്ന ഉടമസ്ഥരുടെ പഴയ വീട് പൂർണമായി പൊളിച്ചു നീക്കി. സോളിഡ്ബ്രിക്ക് ഉപയോഗിച്ചായിരുന്നു നിർമാണം. പ്ലോട്ടിന്റെ ഒരു കോണിലായാണ് ഗെയ്റ്റ് വച്ചത്. സ്ഥലം ലാഭിക്കാന്‍ ‘ഫോൾഡിങ്’ രീതിയിലുള്ള ഗെയ്റ്റാണിവിടെ സ്ഥാപിച്ചത്.

ആഷ്, വൈറ്റ് നിറങ്ങൾ എക്സ്റ്റീരിയറിന് ചന്തമേകുന്നു. പോർച്ചിനു മുകളിൽ ഗ്ലാസ് പർഗോള. ചെറിയൊരു സിറ്റ്ഔട്ടുമുണ്ട്. കുറഞ്ഞ സ്ഥലത്ത് എങ്ങനെ മികച്ച ഇന്റീരിയർ ഉണ്ടാക്കാമെന്നതിന്റെ ഉദാഹരണമാണീ വീട്. ഇടതുവശത്തായി ലിവിങ്ങും ടിവി ഏരിയയും. വീട്ടിലെ പൂജാസ്പേസാണ് ഹൈലൈറ്റ്. മൾട്ടിവുഡിൽ മൈക്ക ലാമിനേറ്റ് ചെയ്ത കബോർഡാണ് പൂജാസ്പേസായി ഉപയോഗിക്കുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം തുറന്ന് വയ്ക്കാം. അടച്ചിട്ടാൽ ഇത്തരമൊരു സംവിധാനം ഉണ്ടെന്ന് അറിയുകയേ ഇല്ല. കുറഞ്ഞ സ്ഥലമുള്ളവർക്ക് അനുകരിക്കാൻ പറ്റിയ മാതൃക. ലിവിങ്ങിൽനിന്ന് ഡൈനിങ്ങിനെ വേർതിരിക്കുന്നത് ഷോകേസാണ്. ഡൈനിങ്ങിന് ഒരു വശത്തായി പുറത്ത് വരാന്ത നൽകിയാണ് വാഷ്ഏരിയയ്ക്കുള്ള സ്ഥലം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ അടുക്കള.

മൂന്ന് അറ്റാച്ഡ് ബെഡ്റൂമിനുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു വെല്ലുവിളി. സ്റ്റെയർകെയ്സിനു താഴെയുള്ള സ്ഥലം അറ്റാച്ഡ് ബാത്റൂം ആക്കിയാണ് പ്രശ്നം പരിഹരിച്ചത്. മുകൾനിലയിലാണ് മറ്റു രണ്ട് കിട‌പ്പുമുറികൾ. സ്റ്റെയർകെയ്സിനു സമീപത്തെ ഭിത്തിയിൽ ടെക്സ്ചർ പെയിന്റ് കൊടുത്ത് മനോഹരമാക്കി. വീട്ടിലെ ആറു വാതിലുകൾ ചെയ്തത് ചെറുതേക്ക് കൊണ്ട്. കരിവേലകംകൊണ്ടാണ് കട്ടിള പണിതത്. 1440 സ്ക്വയർഫീറ്റാണ് വീടിന്റെ വിസ്തൃതി.

താഴത്തെ നിലയുടെ പ്ലാൻ.

മുകളിലെ നിലയുടെ പ്ലാൻ

Area: 1440 Sqft

Designer: ബിജു ആന്റണി ബിസിഐ ഹാബിറ്റാറ്റ്, കൊച്ചി

bcihabitat@gmail.com

Owner: ഒ.എസ്. അരുൺ ചിങ്ങവനം, കോട്ടയം

കാപ്പാട് : manoramaonline.com

To Top