Home Tips

ചെലവു ചുരുക്കി വീട്;പ്ലാന്‍ കാണാം…

ആലുവയിൽ നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കിടുന്നു ജിഷ.ഒരു വീട് വച്ചുകഴിഞ്ഞാൽ പിന്നീടൊന്നുകൂടി വയ്ക്കാൻ എളുപ്പമാണെന്നാണ് ഒരിക്കൽ വീടുവച്ച എല്ലാവരും പറയുക.പ്രവൃത്തിപരിചയത്തിന് വീടുപണിയിൽ നല്ല റോളുണ്ടെങ്കിലും വീടുപണി എളുപ്പമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നു തന്നെ പറയാം. രണ്ടാമതൊരു വീടുവച്ചതിനെക്കുറിച്ചാണ് ഞങ്ങൾ ഇനി പറയുന്നത്.

തൃശൂർ നഗരാതിർത്തിയിൽ പത്തുവർഷം മുമ്പ് ഞങ്ങളൊരു വീടുവച്ചിരുന്നു. രണ്ട് നിലയുള്ള എല്ലാ സൗകര്യങ്ങളുമടങ്ങിയ വലിയ വീടായിരുന്നു അത്. പക്ഷേ, അവിചാരിതമായി ഞങ്ങൾക്ക് തൃശൂർ വിടേണ്ടിവന്നു. ആലുവയിലെ തറവാട്ടുവക സ്ഥലത്ത് വീടുവയ്ക്കാൻ തീരുമാനിച്ചു. വീടു വയ്ക്കുന്ന സമയത്ത് തൽക്കാലം താമസിക്കാൻ തറവാട് പുതുക്കിപ്പണിയാനും തീരുമാനിച്ചു. തൃശൂരിലെ വീടുപണിതപ്പോഴും ആലുവയിലെ തറവാട് പുതുക്കിപ്പണിതപ്പോഴും മുഴുവൻ സമയവും കൂടെയുണ്ടായിരുന്നതും അൽപം കലാതാൽപര്യമുള്ളതും ഈ വീടിന്റെ ഇന്റീരിയർ തനിയേ ചെയ്യാൻ സഹായിച്ചു.

തൃശൂരിലെ വീട് ഞങ്ങൾക്കു വളരെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ അതേ പ്ലാൻ ചെറിയ ചില മാറ്റങ്ങളോടെ ആലുവയിലും ഉപയോഗിക്കാമെന്നു തീരുമാനിച്ചു. രണ്ടു നിലയാണെന്നത് തൃശൂരിലെ വീടിന്റെ ഒരു ന്യൂനതയായി ഞങ്ങൾക്കനുഭവപ്പെട്ടിരുന്നു. മുകളിലെ നിലയിലേക്കു പോകുന്നതുതന്നെ അപൂർവമായിട്ടായിരുന്നു. അതുകൊണ്ട് പുതിയ വീട് ഒറ്റനിലയുള്ളതായാൽ മതി എന്ന തീരുമാനത്തിലെത്തി.

3000 സ്ക്വയർഫീറ്റിനടുത്ത് വിസ്തീർണവും പഴയ വീടിന്റെ പ്രത്യേകതയായിരുന്നു. അത്രയും വലിയ ഏരിയ വൃത്തിയാക്കി സൂക്ഷിക്കുന്നത് എളുപ്പമല്ലെന്നും കുറച്ചുനാളത്തെ താമസത്തോടെ മനസ്സിലാക്കി. അങ്ങനെ പഴയ വീടിന്റെ ന്യൂനതകൾ എല്ലാം എടുത്തുമാറ്റി രണ്ടായിരം സ്ക്വയർഫീറ്റിനു താഴെയുള്ള വീടിനാണ് പുതിയതായി പ്ലാൻ വരച്ചത്.

ആർക്കിടെക്ചർ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു ബന്ധുവാണ് പുതിയ പ്ലാൻ വരച്ചു തന്നത്. ഏറ്റവും ലളിതമായിരിക്കണം ഇന്റീരിയറും എക്സ്റ്റീരിയറും എന്ന് കുടുംബാംഗങ്ങൾക്കെല്ലാം നിർബന്ധമുണ്ടായിരുന്നു. ചാരനിറവും വെള്ളയും മാത്രം പ്രധാന നിറങ്ങളായി മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അകത്ത് ഉപയോഗിച്ചിരിക്കുന്ന തടിയുടെ നിറത്തോടു ചേർന്ന ഫർണിഷിങ്ങാണ് ലിവിങ് റൂമിൽ ഉപയോഗിച്ചത്.

ഓരോ മുറിക്കും വ്യത്യസ്ത നിറം നൽകി അതിനനുസരിച്ചാണ് ഫർണിഷിങ്ങിന്റെ നിറവും തിരഞ്ഞെടുത്തത്. കോമൺ ഏരിയയിൽ ചാരനിറത്തിന്റെ ഏറ്റവും ഇളംഷേഡ് ആണ് ഉപയോഗിച്ചത്.

ലളിതമായ അകത്തളം

ഫോയറിലേക്കാണ് സിറ്റ്ഔട്ടിൽനിന്ന് പ്രവേശിക്കുന്നത്. ലിവിങ് റൂം എല്ലാ അർഥത്തിലും ഫോർമലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫോയറിന്റെ ഇടതുവശത്തായുള്ള ഈ മുറിക്ക് പ്രത്യേകം വാതിലില്ലെങ്കിലും ത്രെഡ് കർട്ടൻ ഇട്ട് മറച്ചിട്ടുണ്ട്.

ഫോയറിനെയും ഡൈനിങ് റൂമിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരു ഇടനാഴിയുടെ ഒരു വശത്ത് കോർട്‌യാർഡ്, മറുവശത്തെ ഭിത്തിയിൽ വ്യത്യസ്ത നിറങ്ങൾ നൽകിയ മൂന്ന് നീഷുകൾ. ഭിത്തിയുടെ വലുപ്പത്തെ മൂന്നാക്കി വിഭജിക്കുന്ന വിധത്തിലാണ് നീഷുകൾ ക്രമീകരിച്ചിരിക്കുന്നത്.

പഴയ വീടിന്റെ അടുക്കള അതേപടി എടുത്തുവച്ചതു പോലെയാണ് ഈ വീടിന്റെ അടുക്കള. സ്റ്റോർ റൂം, വർക് ഏരിയ എന്നിവയുമുണ്ട്. കോർട്‌യാർഡിന്റെ ഒരുവശം ചാരുപടിയോടു കൂടിയ ഇരിപ്പിടമായി വേണമെന്നതും ഞങ്ങളുടെ ആഗ്രഹമായിരുന്നു. അതിഥികൾ ആരു വന്നാലും ഈ ഗ്രാനൈറ്റ് ബെഞ്ചാണ് അവരുടെ ഇഷ്ട ഇരിപ്പിടം.

ഡൈനിങ് റൂമിൽനിന്ന് അടുക്കളയിലേക്കും ഒരു കിടപ്പുമുറിയിലേക്കും പ്രാർഥനാമുറിയിലേക്കും കടക്കാവുന്ന രീതിയിലാണ് മുറികളുടെ ക്രമീകരണം. ഡൈനിങ് റൂമിൽ നിന്ന് പുറത്തേക്ക് വാതിൽ കൊടുത്ത് പാഷ്യോയും ഉണ്ടാക്കി. ഡൈനിങ് റൂമിനപ്പുറം ഒരു ഇടനാഴിയുടെ ഇരുവശങ്ങളിലുമായാണ് മാസ്റ്റർ ബെഡ്റൂമും കിഡ്സ് റൂമും ക്രമീകരിച്ചിരിക്കുന്നത്.

സാമാന്യം വീതിയുള്ള ഈ ഇടനാഴിയുടെ നടുവിൽ വാഷ്ഏരിയയും കിഡ്സ് റൂമിനോടു ചേർന്ന് സ്റ്റഡി ഏരിയയും ഒരുക്കിയിരിക്കുന്നു. കിടപ്പുമുറികളിലേക്ക് സ്വകാര്യത, ഡൈനിങ് ടേബിളിൽ നിന്ന് അധികം അകലത്തിലല്ലാതെ വാഷ്ഏരിയ, ഞങ്ങളുടെ കണ്ണെത്തുന്നിടത്തുതന്നെ കംപ്യൂട്ടർ വയ്ക്കാനുള്ള സൗകര്യം ഇവയെല്ലാം ഈ ഇടനാഴി നിർമിച്ചതിലൂടെ ലഭിച്ചതാണ്. ഫർണിച്ചർ എല്ലാം നേരത്തേയുണ്ടായിരുന്നവതന്നെയാണ് ഉപയോഗിച്ചത്.

കടപ്പട് : manoramaonline.com

To Top