Home Tips

ഭവന വായ്പ തന്നില്ലെങ്കില്‍ നേടിയെടുക്കുക തന്നെ വേണം

ഭവന വായ്പയ്ക്കും വായ്പയുടെ ആനുകൂല്ല്യങ്ങള്‍ക്കും നിങ്ങള്‍ അര്‍ഹരാണ്. ഭവന വായ്പ തരാതെ നിങ്ങളെ മടക്കി അയക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പ നേടിയെടുക്കാം.

അൽപം അലയേണ്ടി വന്നാലും ആനുകൂല്യം നേടിയെടുക്കാൻ ശ്രദ്ധിക്കണം. കാരണം, ചെറിയൊരു തുകയല്ല നിങ്ങൾക്കു ലാഭം കിട്ടുന്നത്. ആറു ലക്ഷം രൂപയുടെ വായ്പാത്തുകയിൽ ആനുകൂല്യം ലഭിക്കുന്ന ഒരാളുടെ മാസഗഡു 6,200 ൽ നിന്നു 3,800 രൂപയാകും, അതും 20 വർഷത്തേക്ക്.

അതിനാൽ സർക്കാർ നിങ്ങൾക്കു നൽകുന്ന ആനുകൂല്യം വേണ്ടെന്നു വയ്ക്കരുത്. വലിയ നേട്ടമാണെന്നു മനസ്സിലാക്കുക. അൽപം ബുദ്ധിമുട്ടിയാലും നേടിയെടുക്കുക.

നിബന്ധനകൾ അനുസരിച്ച് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടോയെന്നു പരിശോധിക്കുക. അർഹതയുണ്ടെങ്കിൽ ബാങ്കിനെ സമീപിച്ചു കാര്യം പറയുക. അനുകൂല മറുപടിയല്ലെങ്കിൽ പരാതിപ്പെടാം. പ്രധാനമന്ത്രി ആവാസ് യോജനയുടെ കേരളത്തിലെ നടത്തിപ്പു ചുമതലയുള്ള കുടുംബശ്രീയിൽ വിഷയം ഉന്നയിക്കാം.

നിങ്ങളുടെ ബാങ്കിന്റെ തന്നെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാം. അല്ലെങ്കിൽ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്കു മുന്നിലും പരാതിപ്പെടാം. ദേശീയതലത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഹഡ്കോ, നാഷനൽ ഹൗസിങ് കോർപറേഷൻ എന്നിവയിലും പരാതി ഉന്നയിക്കാം.

സബ്സിഡിക്ക് അർഹതയുള്ള ഓരോരുത്തരുടെയും മാസഗഡുവിൽ നല്ല കുറവു വരും. അതിനാൽ തിരിച്ചടവു മുടങ്ങാനുള്ള സാധ്യതയും കുറയും. ഫലത്തിൽ വായ്പ ബാങ്കിനു കിട്ടാക്കടമായി മാറില്ല. അതിനാൽ ബാങ്കുകളെ സംബന്ധിച്ച് ഇത് ഏറെ ആകർഷകമാണ്. പക്ഷേ, ആവശ്യമായ എഴുത്തുകുത്തുകൾ നടത്താനുള്ള ബുദ്ധിമുട്ടു മൂലമാകാം മിക്ക ബാങ്കുകളും അറിയിപ്പു കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചയയ്ക്കുകയാണ്.

മുൻകാല പ്രാബല്യം –2015 ജൂൺ 17 നാണ് പദ്ധതി നിലവിൽ വന്നത്. മറ്റെല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെങ്കിൽ അന്നു മുതൽ എടുത്ത വായ്പയ്ക്കും സബ്സിഡി കിട്ടാം. ബഹുഭൂരിപക്ഷവും നഗരത്തിലേക്കു ചേക്കേറാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്കു നഗരത്തിൽ വീടോ ഫ്ലാറ്റോ വില്ലയോ വാങ്ങിയാൽ പദ്ധതിയുടെ നേട്ടം ഉപയോഗപ്പെടുത്താം.

പിഎൻപിയും ഐസിഐസിഐയും മുന്നിൽ

കേരളത്തിൽ വായ്പാധിഷ്ഠിത സബ്സിഡി സ്കീമിൽ ഊർജിതമായി പങ്കാളികളാകുന്ന ബാങ്കുകൾ പഞ്ചാബ് നാഷനൽ ബാങ്കും ഐസിഐസിഐ ബാങ്കുമാണ്. കാനറ ബാങ്കും ഒരു പരിധി വരെ ആനുകൂല്യം ഉപഭോക്താക്കൾക്കു എത്തിക്കാൻ ശ്രദ്ധിക്കുന്നു. എന്നാൽ എസ്ബിഐയുടേത് അനുകൂല നിലപാടല്ലെന്ന പരാതിയുണ്ട്.

പണമില്ലേ, പിഎഫ് തരും

പട്ടണത്തിൽ ഒരു ഫ്ലാറ്റ് എന്ന ദീർഘകാല സ്വപ്നം സഫലീകരിക്കാൻ സബ്സിഡി ഉപയോഗപ്പെടുത്തണം എന്നുണ്ട്. പക്ഷേ, നല്ല ശമ്പളമുള്ള ജോലിയാണെങ്കിലും കാര്യമായ നീക്കിയിരുപ്പില്ല. ബാങ്ക് വായ്പ നൽകണമെങ്കിൽ മൂന്നോ നാലോ ലക്ഷം രൂപയെങ്കിലും കൈയിൽ വേണ്ടേ?

എന്തു ചെയ്യണമെന്നറിയില്ല. ഇത്തരമൊരു ആശങ്കയിലാണോ നിങ്ങൾ? വിഷമിക്കേണ്ട, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്(ഇപിഎഫ്) നിങ്ങളെ സഹായിക്കാനെത്തും. പിഎഫിലുള്ള 90 ശതമാനം തുക വരെ നൽകും. അതുപയോഗിച്ച് കാര്യം കാണാം.

പരമാവധി ഷെയര്‍ ചെയ്യണം. എല്ലാവരും അറിയട്ടേ ഈ കാര്യങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട് മനോരമ.

To Top