വീട് എത്ര വലിയതായാലും അകത്തളത്ത് സ്ഥലം പാഴായി കിടക്കുന്നത് നല്ല കാഴ്ചയല്ല. അതുപോലെ സ്ഥലമില്ലാതെ ഫർണിച്ചറും മറ്റും കുത്തിനിറച്ച ഇടങ്ങളും അരോചകമാണ്. ഒാരോ ഇഞ്ചും ഉപയോഗിക്കാൻ കഴിയുന്ന ഏരിയയാക്കി മാറ്റുേമ്പാഴാണ് വീടകം ആകർഷകമാകുന്നത്.
നീളൻ കോറിഡോർ എന്തിന്
വീടുകളിൽ നീളൻ കോറിഡോറുകളും പ്ലാറ്റ്ഫോമുകളും കഴിയുന്നതും ഒഴിവാക്കാം. രണ്ട് മുറികൾ തമ്മിലുള്ള അകലം പരമാവധി കുറക്കുന്നതാണ് നല്ലത്. മെയിൻ ഹാളിൽനിന്ന് എല്ലാ മുറികളിലേക്കുമുള്ള ദൂരം കൃത്യമായിരിക്കണം. അനാവശ്യമായ അലങ്കാരങ്ങൾ ഉപയോഗിക്കാതിരിക്കുന്നത് അത്രയും സ്പേസ് ലാഭിക്കും. അനാവശ്യമായി ഫ്ലോട്ടിങ് ലിവറുകളും കാൻറിലിവറും പണിയുന്നത് ഒഴിവാക്കാം.
ഫർണിഷിങ് ലളിതമായി
ലിവിങ്ങിലും ഡൈനിങ്ങിലുമെല്ലാം അനാവശ്യ ഫർണിച്ചർ ഒഴിവാക്കണം.അമിത കൊത്തുപണികളും വലുപ്പവുമുള്ള പഴയകാല ഫർണിച്ചർ ഏറെ സ്ഥലം കവരും. ലളിതവും ആവശ്യത്തിന് പ്രാധാന്യം നൽകുന്നതുമായ ഫർണിച്ചറാണ് അനുയോജ്യം.
ലിവിങ്ങിലെ സോഫക്കൊപ്പം മൾട്ടിപർപ്പസ് ടീപോ ഉപകാരപ്രദമായിരിക്കും. കിടപ്പുമുറിയിൽ സ്റ്റോറേജ് സൗകര്യമുള്ള കട്ടിലുണ്ടെങ്കിൽ വേറെ സ്റ്റോറേജ് സ്പേസ് കണ്ടെത്തേണ്ടതില്ല.
പൊസിഷൻ പ്രധാനം
ഓരോന്നും എവിടെ വെക്കണം എന്നത് വളരെ പ്രധാനമാണ്. ഇതിന് മികച്ച ഉദാഹരണമാണ് അടുക്കളയിലെ ഫ്രിഡ്ജ്. അടുപ്പ്–സിങ്ക്–ഫ്രിഡ്ജ് എന്നിങ്ങനെയാണ് സ്ഥാനം. സ്െ റ്റയർകേസ് പണിയുമ്പോൾ തന്നെ മുറികളുടെ സ്ഥാനവും നോക്കണം. അല്ലെങ്കിൽ പടികൾ വഴിമുടക്കിയാകും.
സ്റ്റെയർകേസ് പ്രധാനഹാളിൻറ ഒരു വശത്തായി നൽകുകയും അടിഭാഗത്ത് പുസ്തക ഷെൽഫ് പണിയുകയും ചെയ്യുന്നത് മികച്ച സ്പേസ് സേവിങ് വിദ്യയാണ്. ഇൻവെർട്ടറിനും നല്ലത് പടികളുടെ അടിഭാഗമാണ്. കിച്ചണും ഡൈനിങ്ങും വെവ്വേറെ ആകാതെ കിച്ചൺ കം ഡൈനിങ് നൽകുന്നതാണ് ചെറിയ വീടുകൾക്ക് അഭികാമ്യം.
പലയിടങ്ങളിലും കാർപോർച്ച് വീട്ടിൽ നിന്നും മാറി നിൽക്കുന്നത് കാണാം. വീടിനോട് ചേർത്ത് പണിതാൽ, പോർച്ചിനു മുകളിൽ മുറിയോ മറ്റോ നൽകാം.
കടപ്പാട്:
ഫൈസൽ ബാലുശേരി, റോക്ക് ഫ്ലവേഴ്സ്
മാധ്യമം
