Home Tips

മുഖശ്രീ തുളുമ്പും വീടുകൾ

വീടുവയ്ക്കാൻ തുടങ്ങുന്നവരോട് എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യം! വീട് പണിയുന്നതിന് മുമ്പ് മനസിലുള്ള വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. ആദ്യം വേണ്ടത് വീടിന്റെ വലിപ്പത്തെക്കുറിച്ചാണ്. കാരണം വീടിന്റെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ചെലവ് കൂടും എന്നതുതന്നെ. വീടിന്റെ വലിപ്പം സ്‌ക്വയർ ഫീറ്റിലാണ് സാധാരണ കണക്കാക്കുന്നത്. സാധാരണ രണ്ടു ബെഡ് റൂം, ഹാൾ, കിച്ചൺ ഇവ 750, 850 വരെ സ്‌ക്വയർ ഫീറ്റിൽ ചെയ്യാവുന്നതാണ്. മുറികളുടെ വലിപ്പം അനുസരിച്ച് വലിപ്പം കൂട്ടുന്നു. പണിയാൻ പോകുന്ന വീടിന്റെ വലിപ്പം 1000, 1500, 2000 സ്‌ക്വയർ ഫീറ്റ് എന്നൊക്കെ പറയുമ്പോൾ ആ വലിപ്പത്തിലുള്ള പണിതവീട് നോക്കി അതിനകത്തുള്ള സൗകര്യങ്ങൾ കണ്ടു മനസ്സിലാക്കുന്നത് നല്ലതാണ്. അതുപോലെ മുറികൾ പണിയുന്നതിനു മുമ്പ് അതിന്റെ വലിപ്പം, 350ഃ 400, 400ഃ450 എന്ന് പറയുമ്പോൾ അതിന്റെ യഥാർത്ഥ വലിപ്പം നേരിൽ കണ്ട് നമ്മുടെ സൗകര്യം ഉറപ്പ് വരുത്തുന്നത് നല്ലതാണ്. ഓരോ മനുഷ്യനും വ്യക്തിത്വം ഉള്ളതുപോലെ വീടിനും വ്യക്തിത്വമുണ്ട്.

താമസക്കാരന്റെ വ്യക്തിത്വം തന്നെയാണ് വീടിനു വേണ്ടത്. അയൽക്കാരന്റെയും സുഹൃത്തിന്റെയും വീടിനു പുറകെ പോകാതെ സ്വന്തം അഭിരുചിക്കും ആവശ്യങ്ങൾക്കുമനുസരിച്ചുള്ള വീടാണ് പണിയേണ്ടത്. നിങ്ങളുടെ ജീവിതശൈലിക്കും ജോലിക്കും താത്പര്യങ്ങൾക്കും ഇണങ്ങുന്നതാവണം നിങ്ങളുടെ വീട്. ഡോക്ടർമാരുടെ വീടുകൾക്ക് കൺസൾട്ടിംഗ് റൂം എന്നതുപോലെ ജോലിക്ക് അനുസൃതമായി വീട്ടിലും ഓഫീസ് മുറികൾ സ്ഥാനം പിടിക്കുന്ന കാലമാണ് ഇന്ന്.
അഭിഭാഷകൻ, കോൺട്രാക്ടർ തുടങ്ങിയവർക്ക് ഇടപാടുകാരുമായി സംസാരിക്കാൻ സ്വകാര്യതയുള്ള ഓഫീസ് മുറി നല്ലതാണ്. എഴുത്തുകാർക്ക് സ്വസ്ഥമായി എഴുതാനുള്ള ഇടം, പുസ്തകപ്രേമികൾക്ക് ലൈബ്രറി, സംഗീതം ഇഷ്ടമുള്ളവർക്ക് പാട്ട് കേൾക്കാൻ പറ്റിയസ്ഥലം ഇങ്ങനെ ഇഷ്ടാനിഷ്ടം നോക്കി ആവശ്യങ്ങൾ അനുസരിച്ച് വീട്ടിൽ ഇടമൊരുക്കാം, ഈ പറഞ്ഞ ആവശ്യങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം മുറി കണ്ടെത്തണമെന്നല്ല അർത്ഥമാക്കിയത് പാട്ട് കേൾക്കാനാണെങ്കിൽ ഏതെങ്കിലുമൊരു മുറിയിൽ അതിനായി ചിട്ടപ്പെടുത്തിയ ഒരിടം വേണം എന്നുമാത്രം. എന്നാലോ ആ മുറിയിൽ അത് മുഴച്ച് നിൽക്കരുത്.

വീടിനെക്കുറിച്ച് എല്ലാവർക്കും ചില സ്വപ്നങ്ങൾ ഉണ്ടാവും മുമ്പ് കണ്ടിട്ടുള്ള ചില വീടുകളിൽ നിന്നും ഭാവനയിൽ നിന്നുമൊക്കെയാവും ഇത് രൂപം കൊള്ളുന്നത്.
വൈദ്യുതി ഇല്ലാത്ത സമയത്ത് പുറത്തിറങ്ങിയാൽ വെറുതെ ഇരിക്കാൻ ഒരു ചെറിയ വരാന്ത. നിലാവിന്റെ സൗന്ദര്യം കണ്ടിരിക്കാൻ ബാൽക്കണി. കാറ്റിനേയും വെയിലിനേയും വീട്ടിലേക്ക് ക്ഷണിക്കുന്ന നടുമുറ്റം. മനസ്സിൽ താലോലിക്കുന്ന ഇത്തരം സ്വപ്നങ്ങളെ സ്വന്തം വീട്ടിൽ കൊണ്ടുവരാൻശ്രമിക്കണം. അല്ലാതെ വല്ലപ്പോഴും വന്നേക്കാവുന്ന അതിഥിക്കായി പ്രത്യേകം കിടപ്പുമുറിയും ഒരിക്കലും വാങ്ങാത്ത കാറിനുവേണ്ടി കാർപോർച്ച്. പുറത്തുനിന്ന് വരുന്നവർക്കായി പ്രത്യേകം ടോയ്‌ലെറ്റ് എന്നിവ ഒരുക്കിവച്ച് സ്ഥലം കളയുന്നത് ശുദ്ധമണ്ടത്തരമാണ്. ഇത് അനാവശ്യ ചെലവുകൾക്ക് വഴിവെക്കുമെന്ന് മാത്രമല്ല അസൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പിന്നീട് പണമുണ്ടാകുമ്പോഴോ മക്കൾ വലുതാകുമ്പോഴോ അതനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന രീതിയിൽ വേണം വീടിന്റെ പ്ലാൻ വരയ്ക്കുവാൻ.

ചോദ്യം :എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയിട്ട് 4 വർഷമായി. വീടിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തായിട്ടാണ് കാർപോർച്ച്. എന്നാൽ ഈ കാർപോർച്ച് ഉപയോഗിക്കുന്നില്ല. കാരണം വീട്ടിലേക്ക് കാർവരാൻ വഴി വീതികുറവാണ്. എന്നെങ്കിലും കാറുവരാനുള്ള സൗകര്യം കിട്ടുമെന്ന് കരുതി പണിതതാണ്. ഇനി അതിന് സാധ്യത ഇല്ലാതെയാണ് കാണുന്നത്. ഈ ഭാഗം ഏത് മുറിയാക്കി മാറ്റിയാൽ നന്നായിരിക്കും. വാസ്തുശാസ്ത്രമനുസരിച്ച് കന്നിമൂലയിൽ കാർപോർച്ച് വരാൻ പാടില്ല എന്നത് ശരിയാണോ?
കെ. ശശിധരൻ
കോന്നി
കത്തിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാർപോർച്ച് ആണ് പണിതിരിക്കുന്നതെങ്കിൽ ആ ഭാഗം വീടിന്റെ മറ്റു ഭാഗത്തു നിന്നും ബേസ്മെന്റ് താഴ്ത്തിയായിരിക്കും ചെയ്തിരിക്കുന്നത്. ഇത് നല്ലതല്ല. ആ ഭാഗം കൂടി മറ്റു മുറികളുടെ ലെവലിൽ തന്നെ ആയിരിക്കുന്നതാണ് നല്ലത്. കാർപോർച്ചിന്റെ ആവശ്യമില്ലെങ്കിൽ ആ ഭാഗത്ത് അടുക്കളയും ബാത്ത് റൂമും വരാതെ ഏത് ആവശ്യത്തിനും മുറിയായി കെട്ടി എടുക്കാം.

ഡോ. ബി. അർജുൻ
(മാനേജിംഗ് ഡയറക്ടർ
അർജുൻ അസോസിയേറ്റ്സ്
ഫോൺ: 9447090145)

To Top