Home Tips

സിംപിളാണ്, എന്നാൽ സൗകര്യങ്ങൾക്ക് ഒരു കുറവും ഇല്ല!…

കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഉപയോഗക്ഷമമായ അകത്തളങ്ങൾ ഒരുക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ വിജയം.

കോഴിക്കോട് ജില്ലയിലെ പൂക്കാട് എന്ന സ്ഥലത്ത് 10 സെന്റ് പ്ലോട്ടിൽ 2350 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സമകാലിക- പരമ്പരാഗത ശൈലിയുടെ മിശ്രണമാണ് എലിവേഷനിൽ കാണാൻ കഴിയുക. വെള്ള നിറത്തിനു വേർതിരിവ് നൽകാൻ കറുത്ത ക്ലാഡിങ് ടൈലുകൾ എലിവേഷനിൽ പലയിടത്തും നൽകിയിട്ടുണ്ട്.നീല നിറത്തിലുള്ള മേച്ചിൽ ഓടുകളാണ് മേൽക്കൂരയിൽ വിരിച്ചിരിക്കുന്നത്.

പരിപാലനത്തിന് പ്രാധാന്യം നൽകിയാണ് അകത്തളങ്ങൾ മിനിമൽ ശൈലിയിൽ ഒരുക്കിയിരിക്കുന്നത്. കാർപോർച്ചും ചെറിയ സിറ്റ്ഔട്ടും കടന്നാൽ ലളിതമായ സ്വീകരണമുറി. ഇതിനു സമീപം ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇവിടെ മേൽക്കൂരയിൽ പ്ലൈ+ വെനീർ ഫിനിഷിൽ സ്ട്രിപ്പുകൾ നൽകിയത് മുറിയുടെ ഭംഗി വർധിപ്പിക്കുന്നു. വെള്ള നിറത്തിലുള്ള മാർബിളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. ഫർണിച്ചറുകൾ തടിയും പ്ലൈവുഡും കൊണ്ട് നിർമിച്ചവയാണ്.

തടിയിൽ ജാളി പോലെ ഡിസൈനുകൾ നൽകി സെമി പാർടീഷൻ നൽകിയത് ശ്രദ്ധേയമാണ്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. ഊണുമുറിയിലേക്ക് കടക്കുന്ന കവാടത്തിന്റെ വശത്തുള്ള ഭിത്തിയിൽ നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് പാകിയത് റസ്റ്റിക് ഫിനിഷ് നൽകുന്നു.

നാലു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. ഒരു മുറിയിൽ ലളിതമായ വാം ടോൺ ലൈറ്റിങ് പ്രസന്നത നിലനിർത്തുന്നു.

മറ്റൊരു കിടപ്പുമുറി മുഴുവൻ വൈറ്റ് തീമിലാണ്. ഇവിടെ ഹെഡ്ബോർഡിലെ ഭിത്തിയിൽ വൈറ്റ് വോൾപേപ്പർ ഒട്ടിച്ചിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും കിടപ്പുമുറികളിൽ ഒരുക്കിയിരിക്കുന്നു.

ലളിതമായ അടുക്കള. അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. ഇത് കാഴ്ചയ്ക്ക് ഗ്ലോസി ഫിനിഷ് നൽകുന്നുണ്ട്. കറുത്ത ഗ്രാനൈറ്റാണ് പാതകത്തിന് നൽകിയിരിക്കുന്നത്. പ്ലൈവുഡ്‌ കൊണ്ടുതന്നെ കബോർഡുകളും നൽകി. പാതകത്തിന്റെ ഒരറ്റം ബ്രേക്ഫാസ്റ്റ് കൗണ്ടർ ആക്കിമാറ്റാൻ കഴിയുംവിധം ക്രമീകരിച്ചു.

മുകൾനിലയിൽ ബാൽക്കണിക്ക് സമീപം ജിഐ ഫ്രയിമുകൾ കൊണ്ട് മേൽക്കൂരയൊരുക്കി ഒരു ടെറസ് ഗാർഡനും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ സ്ഥലത്തും മുറ്റം നന്നായി ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. നാച്വറൽ സ്‌റ്റോൺ പാകി മുറ്റം ഉറപ്പിച്ചു. ചുരുക്കത്തിൽ കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഉപയോഗക്ഷമമായ അകത്തളങ്ങൾ ഒരുക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ വിജയം.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Location- Pookadu, Calicut

Area- 2350 SFT

Plot- 10 cent

Owner- Ashraf

Construction, Design- Salim K K

Salim Associates, Atholi

Mob- 9946824606

Completion year- 2016.

കടപ്പാട് : manoramaonline.com

To Top