Home Tips

15 ലക്ഷത്തിന് സ്വപ്ന സാഫല്യം…

ഒരു വീടു വയ്ക്കാൻ ആഗ്രഹിച്ചാൽ അതിനുവേണ്ടി പരമാവധി ഗവേഷണം ചെയ്യണമെന്നാണ് അഷ്റഫിന്റെയും ഫസീലയുടെയും ആഗ്രഹം. ഈ അഭിപ്രായത്തോടു നൂറു ശതമാനം യോജിക്കുന്ന ഡിസൈനറെയും അവർക്കു ലഭിച്ചു. 15 ലക്ഷത്തിന് ഒരു സൂപ്പർ വീട് കിട്ടിയതിന്റെ രഹസ്യം ഇതാണ്.

വീട് എന്ന സ്വപ്നം സഫലീകരിക്കാൻ ഒരുപാടു വായിച്ചും പഠിച്ചും സമയം ചെലവഴിച്ചിട്ടുണ്ട് അഷ്റഫും കുടുംബവും.ഏഴ് സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. റോഡിൽനിന്ന് എക്സ്റ്റീരിയറിന്റെ ഭംഗി കൃത്യമായി ആസ്വദിക്കാനാവില്ല എന്നത് പ്ലോട്ടിന്റെ പോരായ്മയാണ്.വാസ്തു അനുസരിച്ചാണ് വീടിന്റെ പ്ലാന്‍ വരച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്തു കാണുന്ന കോർണർ വിൻഡോ ക്രമീകരിച്ചിരിക്കുന്നതും വാസ്തു അനുസരിച്ചാണ്.മലപ്പുറത്ത് സുലഭമായ വെട്ടുകല്ലാണ് ഭിത്തികൾ നിർമിക്കാൻ ഉപയോഗിച്ചത്. തേപ്പിനും മറ്റ് ആവശ്യങ്ങൾക്കും സിമന്റും പാറമണലും പ്രയോജനപ്പെടുത്തി.

സ്വീകരണമുറിയോടു ചേർന്ന് ഒരു കോർട് യാർഡിനും സ്ഥലം കണ്ടെത്തി.അത്യാവശ്യമുള്ള മുറികൾ മാത്രം നിർമിച്ചതിനാലാണ് ചെലവ് വലിയൊരു ശതമാനം കുറഞ്ഞത്. രണ്ട് കിടപ്പുമുറികളാണുള്ളത്. അതിൽ ഒരെണ്ണം മാത്രമാണ് ബാത്റൂം അറ്റാച്ച്ഡ്.വിസ്തീർണം കുറഞ്ഞ വീട് മതി എന്നു തീരുമാനിച്ചതിനാൽ അടുക്കള ചെറുതാക്കി. വർക്ഏരിയ ഒരാൾക്കു മാത്രം ഉപയോഗിക്കാൻ വലുപ്പത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടത്തെ ജനാലകൾ നിരക്കി നീക്കാവുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. ഈ ജനാലയിലൂടെ വീടിന്റെ മുൻവശത്ത് ആരു വന്നാലും പെട്ടെന്ന് കാണാനാകും.

സ്വീകരണമുറിയുടെ ഒരു വശത്ത് ചെറിയൊരു കോർട്‌യാർഡിനും ഇടയിട്ടിട്ടുണ്ട്. ഇതിന്റെ ഭിത്തിയിൽ ടൈൽ ഉപയോഗിച്ച് ക്ലാഡിങ് ചെയ്തു. ചതുരശ്രയടിക്ക് 35 രൂപ വിലവരുന്ന ടൈലാണ് ഇതിന് ഉപയോഗിച്ചത്. പ്രകൃതിദത്ത കല്ലുപോലെയിരിക്കുമെന്നതാണ് ഈ ടൈലിന്റെ പ്രത്യേകത.

തടിപ്പണി വളരെ കരുതലോടെ ചെയ്തതിനാൽ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞു. പ്രധാനവാതിൽ ഉള്‍പ്പെടെ എല്ലാം ഫ്ലഷ് വാതിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചട്ടക്കൂടിന് ഞാവലിന്റെ തടിയും ഉപയോഗിച്ചു. ജനാലകളുടെ ചട്ടക്കൂട് കോൺക്രീറ്റ് തന്നെയാണ്. ഒരു സുഹൃത്ത് ചെയ്തുതന്ന തേക്ക്പാളികളാണ് ജനാലയ്ക്ക് ഉപയോഗിച്ചത്.

അടുക്കളയിൽ പ്ലൈവുഡ് ഉപയോഗിച്ചാണ് കബോർഡുകൾ നിർമിച്ചത്. ഒരു കിടപ്പുമുറിയിൽ മാത്രമേ വാഡ്രോബ് ചെയ്തിട്ടുള്ളൂ. അലുമിനിയവും ഹൈലം ഷീറ്റും ഉപയോഗിച്ചാണ് അതിന്റെ അടപ്പു നിർമിച്ചിരിക്കുന്നത്.കുഞ്ഞുങ്ങൾ ചെറുതായതിനാൽ ഒരു കിടപ്പുമുറി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. രണ്ടാമത്തെ കിടപ്പുമുറി ഭാവിയിൽ കിഡ്സ് റൂമാക്കി മാറ്റുകയാണ് ഉദ്ദേശ്യം.

ഒറ്റ നിലയായാണ് വീട് പണിതിരിക്കുന്നത്. മുകളിൽ ഒരു സ്റ്റെയർ റൂം മാത്രം പണിത് ഭാവിയിൽ മുറികൾ കൂട്ടിച്ചേർത്ത് വീട് വിശാലമാക്കാം. ഗോവണിയുടെ റെയിലിങ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചു.ചതുരശ്രയടിക്ക് 45 രൂപ വിലവരുന്ന വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.മുറിയിലെ സ്ഥലവും ഡിസൈനും അനുസരിച്ച് റബ്‌വുഡ് ഫർണിച്ചർ ഡിസൈൻ കൊടുത്തു നിർമിച്ചു.

Area: 1200 Sqft

Designer: സക്കറിയ കാപ്പാട്ട്,

ഇൻഹോം ഡിസൈനേഴ്സ് & ബിൽഡേഴ്സ്, മലപ്പുറം

zakariyakappat@gmail.com

Owner: അഷ്റഫ് & ഫസീല മക്കരപ്പറമ്പ്

Cost: 15 lakh

കടപ്പാട് : manoramaonline.com

To Top