Home Tips

പ്ലാനും എസ്റ്റിമേറ്റും തയാറാക്കൽ; അബദ്ധങ്ങൾ ഒഴിവാക്കാം

ആവശ്യത്തിനുതകുന്ന സ്ഥലം ലഭ്യമാക്കിക്കഴിഞ്ഞാൽ ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാൻ എൻജിനീയറെ ത്തന്നെ സമീപിക്കുന്നതാണുചിതം. സ്വന്തം ബജറ്റും കെട്ടിടത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും ആ അവസരത്തിൽ ത്തന്നെ ചർച്ച ചെയ്തു തീരുമാനമുണ്ടാക്കുന്നത് നല്ലതാണ്. അദ്ദേഹം സ്ഥലം വന്നു കണ്ടുവേണം പ്ലാൻ തയാറാക്കാൻ. എത്ര വലിയ എൻജിനീയറായാലും സ്ഥലം കാണാതെ വരയ്ക്കുവാൻ സാഹചര്യമുണ്ടാവരുത്. ഭൂമിയുടെ കിടപ്പിനെ മനസ്സിലാക്കി വേണം പ്ലാൻ തയാറാക്കേണ്ടത്. വാസ്തുസംബന്ധമായ ചിന്തയുള്ള പക്ഷം അതും വളരെ തുടക്കത്തിലേ പരിശോധിക്കുന്നതാണുചിതം. പിന്നീട് ഓരോരോ നിമിത്തങ്ങളും സംശയങ്ങളും, ആശങ്കകളും അനുഭവ വൈപരീത്യവും തോന്നിത്തുടങ്ങി വീടിന്റെ ഘടനയിൽ മാറ്റം വരുത്തേണ്ടി വന്നാൽ വലിയൊരു പണച്ചെലവും പെടാപ്പാടും സംഭവിക്കും.

നിരപ്പായ സ്ഥലം ലഭ്യമാവുകയെന്നത് അത്രകണ്ട് എളുപ്പമായ സംഗതിയല്ല. എന്നിരുന്നാലും ഭൂമിയുടെ കിടപ്പും പരിസരവും ദിശയുമെല്ലാം ശാസ്ത്രീയമായി ഒന്നപഗ്രഥിക്കുന്നത് ഉചിതമായിരിക്കും. ഒരു കുന്നിന്റെ ചെരുവിലായി തുച്ഛമായ വിലയ്ക്കു വീടിനായി സ്ഥലം സംഘടിപ്പിച്ച്, ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്തെന്ന് ആശ്വസിക്കുന്നവർക്ക് ഒരുപക്ഷേ കനത്ത പ്രഹരങ്ങൾ വഴിയേ കിട്ടിയേക്കും. ഗതാഗതത്തിന്റെ അസൗകര്യം, നിർമാണസാമഗ്രികൾ എത്തിക്കുന്നതിലും, ഭൂമി ലെവൽ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ്, കുടിവെള്ളത്തിന്റെ (കിണർ) ലഭ്യത ഇതൊക്കെ കണക്കിലെടുക്കണം.

പ്ലാന്‍

ലഭ്യമായ ഭൂമിയെ ഗൃഹനിർമാണത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയെന്നത് വളരെ നിഷ്കർഷ പാലിക്കേണ്ട ഒന്നാണ്. അതിൽ പ്രധാനമായും നോക്കേണ്ടത് ഭൂമി റോഡിന്റെ ലെവലിൽനിന്ന് ഉയർന്നോ താഴ്ന്നോ ആണു കിടക്കുന്നതെന്നതാണ്. റോഡ് ലെവലിൽ നിന്നു കുറഞ്ഞത് രണ്ടടിയെങ്കിലും തറ ഉയർന്നു നിൽക്കണം. തറയുടെ ഉയരം കൂടുന്നതിനനുസൃതമായി സെപ്റ്റിക് ടാങ്കിന്റെ പിറ്റ്, തറ ലെവലിന്റെ അടിസ്ഥാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ, താഴ്ച കുറയ്ക്കുവാൻ കഴിയും. റെഡിമെയ്ഡ് ടാങ്കുകൾ ഏറെ സൗകര്യപ്രദം കൂടിയാണ്.

മലമുകളിൽ നിരപ്പിലല്ലാത്ത പ്രതലത്തിൽ പണിയുന്ന വീട്ടിലെ മുറികൾ വ്യത്യസ്തങ്ങളായ ലെവലുകളിൽ നിർമിക്കപ്പെട്ടതായി കണ്ടുവരുന്നുണ്ട്. പിൽക്കാലത്ത് പ്രത്യേകിച്ചും, വയസ്സുകാലത്ത് എഴുന്നേറ്റു നടക്കുവാൻ പോലും സാധിക്കാതെ വരുമ്പോൾ വീടിനകത്ത് വീൽചെയർ ഉപയോഗിക്കുവാൻ കൂടി തടസ്സം നേരിടും.

കേരളത്തിലെ ഇന്നത്തെ പൊതു ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോൾ, ഒരു പ്രായപരിധി വിട്ടാൽ നടക്കുകയെന്നത് വലിയൊരു പ്രശ്നമായിത്തീരാറുണ്ട്. പല ലെവലുകളിൽ മുറികൾ പണിയുമ്പോഴും, തറയുടെ ഉയരം നിലവിലുള്ള ഭൂമിയെക്കാൾ ഉയർന്നുതന്നെ നിൽക്കണം. റോഡിൽ നിന്നു താഴ്ന്ന തറ പണിഞ്ഞിട്ടുള്ളതായ കാഴ്ചയും വിരളമല്ല. സാന്ദർഭികമായി അവിടെ കെട്ടിടം പണിയേണ്ടി വരുമ്പോൾ, തൂണുകൾ റോഡിന്റെ ലെവൽ വരെയെങ്കിലും ഉയർത്തി ആ പില്ലറുകൾക്കു മുകളിലായി വേണം തുടർന്നുള്ള പ്രവൃത്തികൾ.

അസ്ഥിവാരമെടുക്കുമ്പോൾ നിർദിഷ്ട സ്ഥലത്ത് മുൻകാലത്തു കിണറോ കുളമോ കല്ലിട്ടാമടകളോ വൻകുഴികളോ ഉണ്ടായിരുന്നില്ലെന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകർന്നേക്കാവുന്ന ഓടകൾ സമീപത്തുണ്ടെങ്കിൽ ഉറപ്പിക്കാം, അതിൽ നിന്നുമുള്ള ഉറവ ഭാവിയിൽ വീടിനു പ്രശ്നങ്ങളുണ്ടാക്കുമെന്ന്. തറയോടു ചേർന്നുള്ള ഏതെങ്കിലും ഒരുഭാഗം താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ കൽമതിൽ കെട്ടി മണ്ണുനിറയ്ക്കുന്ന പതിവിനെക്കാൾ ഉചിതം കോൺക്രീറ്റ് സേഫ്റ്റിവോൾ ആയിരിക്കും.

തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന ഒറ്റവാക്കിലുള്ള ഒരു കേട്ടറിവിന്റെ പരിജ്ഞാനം വച്ച്, ബലമുള്ള പ്രതലം പണിപ്പെട്ട് വീണ്ടും താഴ്ത്തിയും, പാറപൊട്ടിച്ച് പെടാപ്പാടുപെടും. നിശ്ചിത ആഴമെത്തിക്കുവാൻ പരിശ്രമിക്കേണ്ടതില്ല. രണ്ടടിയിൽ താഴെയായി ബലമുള്ള വെട്ടുകല്ലോ പാറയോ കണ്ടാൽ വീണ്ടും കുഴിക്കാതെ തന്നെ കരിങ്കൽപ്പടവാരംഭിക്കാം. കെട്ടിടത്തിന്റെ ഭാരം വികേന്ദ്രീകരിക്കുന്നതിനായി കരിങ്കൽപ്പടവിനുമുകളിൽ ബെൽറ്റ് കോൺക്രീറ്റ് ചെയ്ത ശേഷമേ ചുമർപടവ് തുടങ്ങാവൂ.

കെട്ടിടത്തിനനുസൃതമായി ഭൂമിയെ ശരിപ്പെടുത്തിയെടുക്കുകയെന്നത് ഒരു കലയാണ്. ശാസ്ത്രീയതയും സാങ്കേതികതയും സാമാന്യബോധവും ഇടചേർന്നുള്ള കല. ഇവിടെയാണ് ഭാവനയിൽ മാത്രമുള്ള സ്വന്തം കെട്ടിടം സാർഥകമാകേണ്ടത് എന്ന ചിന്ത ഓരോ നീക്കത്തിലും ഉടമസ്ഥനിലുണ്ടാകേണ്ടതാണ്.

To Top